Friday, September 29, 2023

A JOURNEY TO HEAVEN

 A JOURNEY TO HEAVEN IN 1994....

              GRASS HILLS


വാല്പാറയിലെ അക്കമലയിൽ ഉള്ള ഗ്രാസ് ഹിൽസ്,  1993 മണിരത്നം സംവിധാനം ചെയ്ത തിരുട തിരുട എന്ന ചിത്രത്തിലെ പുത്തൻ പുതു ഭൂമി വേണ്ടും എന്ന പാട്ടു സീൻ ഷൂട്ട് ചെയ്തിരിക്കുന്ന ലൊക്കേഷൻ.  സഞ്ചാര പ്രിയരായ ഏതൊരാളെയും ഭ്രാന്തു പിടിപ്പിക്കുന്ന സ്ഥലം.  സിനിമയിലൂടെ ഈ സ്ഥലം കണ്ടതോട് കൂടി അവിടെ പോകണമെന്ന ആഗ്രഹം കലശലായി.  എറണാകുളത്തു വടുതല എന്ന പ്രേദേശത്തെ ഡോൺ ബോസ്കോ യൂത്ത് സെന്ററിലെ പ്രെവർത്തകരായ ഞങ്ങൾ ഒൻപതു സുഹൃത്തുക്കൾ അങ്ങോട്ട് പോകുവാനുള്ള ഒരുക്കങ്ങൾ തുടങ്ങി,  ഡോൺ ബൊക്കോയിലെ ഫാദർ മാനുവലിനോട് കാര്യം പറഞ്ഞപ്പോൾ അച്ഛനും കൂടെ കൂടമെന്നേറ്റു.ഗ്രാസ് ഹിൽസ് പ്രൊട്ടക്റ്റഡ് ഫോറെസ്റ്റായതിനാൽ അങ്ങോട്ട് കയറാൻ സാങ്ഷൻ ആവശ്യമാണ്.അതിനു വേണ്ടി ഒരുപാടു ശ്രെമിച്ചെങ്കിലും കിട്ടിയില്ല.,സിനിമയിലെ പാട്ടു സീൻ കണ്ടു കണ്ടു 1993 അങ്ങനെ കഴിഞ്ഞു പോയി,അങ്ങോട്ടുള്ള യാത്ര  നടക്കില്ലെന്നു ഉറപ്പായിരിക്കുമ്പോഴാണ് എൻറെ ചേട്ടനും സുഹൃത്തുക്കളും 94 ജനുവരിയിൽ അവിടെ പോയി വരുന്നത്, അവർക്കു അവിടെ കയറാനുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തത് അക്കാമല എസ്റ്റേറ്റിലെ ജീവനക്കാരനായ വടുതല സ്വദേശി ജോയി ചേട്ടനാണെന്നു അവര് പറഞ്ഞു. പിന്നെ ജോയിചേട്ടനെ സമീപിക്കാനായി ശ്രെമം പക്ഷെ അതും നടന്നില്ല അവസാനം ജോയിചേട്ടൻ്റെ അക്കമലയിലെ വീടും മറ്റും ചേട്ടനും സുഹൃത്തുക്കളും പറഞ്ഞു തന്നു അവിടെ ചെന്നാൽ പുള്ളിക്കാരൻ എങ്ങനെയെങ്കിലും ഗ്രാസ് ഹിൽസ് കൊണ്ട് പോകും എന്നവര് പറഞ്ഞു.അങ്ങനെ ഏപ്രിൽ മാസം ഞങ്ങൾ 10 സുഹൃത്തുക്കൾ  ഒരു കമാൻഡർ ജീപ്പിൽ വാൽപ്പാറയിലേക്കു യാത്രതിരിച്ചു.അക്കാലത്തു വാഴച്ചാൽ വാൽപാറ റൂട്ടിൽ ഇന്നത്തെ പോലെ യാത്ര നിയന്ത്രണങ്ങൾ ഒന്നും ഇല്ലായിരുന്നു അതിനാൽ പാതിരാത്രിയായിരുന്നു യാത്ര തുടങ്ങിയത് അതിനൊരു കാരണം ഉണ്ടായിരുന്നു നേരം വെളുക്കുമ്പോൾ വാല്പാറ എത്തിയാൽ ജോയിചേട്ടനെ കണ്ടു പിടിച്ഛ് എത്രയും നേരത്തെ ഗ്രാസ് ഹിൽസ് കയറാം എന്ന മോഹം.  വാഴച്ചാൽ കാട്ടിലൂടെയുള്ള അന്നത്തെ ആ രാത്രി  യാത്ര ഇന്നും ഓർക്കുമ്പോൾ ഒരു രോമാഞ്ചമാണ്.കനത്ത ഇരുട്ടും കൂടെ മൂടൽ മഞ്ഞും,തകർന്നു തരിപ്പണമായ റോഡും, ഓരോ വളവെത്തുമ്പോഴും വണ്ടി നിർത്തി പതുക്കെ പതുക്കെയാണ് പോകുന്നത് വളവിൽ ആനയോ മറ്റോ നില്പുണ്ടോന്നു നോക്കിയാണ് യാത്ര. നേരം വെളുത്തപ്പോൾ വാല്പാറ എത്തി കുറ്റം പറയരുതല്ലോ ഞങ്ങളെ പേടിച്ചിട്ടാണോ എന്തോ വണ്ടിക്കു കുറുകെ ഒറ്റ അനിമൽസും വന്നില്ല  .ഞങ്ങൾ എല്ലാ യാത്രകളിലും  ഫുഡ് സ്വയം പാകം ചെയ്താണ് കഴിക്കാറ്  അതിനു വേണ്ട സ്റ്റവ് ഗ്യാസ് മറ്റു സാദനങ്ങൾ എല്ലാം കൂടെ കൊണ്ട് പോകും.അക്കാലത്തു വാൾപാറയിൽ ഇന്ന് കാണുന്ന സൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്നു ആകെ ഉണ്ടായിരുന്നത് ഒരു ലോഡ്ജും ഏതാനും കടകളും മാത്രമായിരുന്നു,അതെ സമയം ഇന്നവിടം വളരെ തിരക്ക് ഉള്ള ഒരു  സിറ്റിയാണ്.രാവിലത്തെ ഫുഡ് അവിടെ ഒരു ഒഴിഞ്ഞ പ്രേദേശത്തു വച്ച് ഉണ്ടാക്കി കഴിച്ചു.രണ്ടു ദിവസത്തേക്കുള്ള അരിയും, ചിക്കനും മറ്റു പച്ചക്കറികളും എല്ലാം കയ്യിൽ സ്റ്റോക്ക് ഉള്ളത് കൊണ്ട് അധിക സമയം വാൾപാറ ടൗണിൽ കളയാതെ ഞങ്ങൾ അക്കമലയിലേക്കു ജോയിചേട്ടനെ ലക്ഷ്യമാക്കി യാത്ര തുടർന്ന്. പോകുന്ന വഴിയിൽ ഉള്ള ബാലാജി ടെംപിളിൽ കയറി കുറച്ചു സമയം അവിടെയും ചിലവഴിച്ചു.ഉച്ചയോടു കൂടി ഞങ്ങൾ അക്കാമല എത്തിച്ചേർന്നു.ജോയിചേട്ടൻ്റെ വീട് കണ്ടു പിടിക്കാൻ പ്രെയാസമുണ്ടായില്ല പുള്ളി അവിടുത്തുകാരുടെ പ്രിയങ്കരനാണെന്നു മനസിലായി കൂടെ ഞങ്ങളുടെ ചങ്കു പിടക്കുന്ന ഒരു കാര്യവും അറിയാൻ കഴിഞ്ഞു   ജോയിച്ചേട്ടൻ അട്ടകെട്ടി പോയിരിക്കുകയാണ് ചിലപ്പോൾ വൈകുന്നേരം എത്തും അല്ലെങ്കിൽ പിറ്റേ ദിവസമെയെത്തുകയുള്ളു എന്നത്.എന്തായാലും വൈകുന്നേരം വരെ പുള്ളിക്കാരനെ കാത്തിരിക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു അടുത്ത് കണ്ട ചെറിയ ഒരു വെള്ളച്ചാട്ടത്തിലേക്ക് ഞങ്ങൾ ഇറങ്ങി ലഞ്ച് ഉണ്ടാക്കുന്ന തിരക്കിലേക്കും.നേരം വൈകും തോറും തണുപ്പ് കൂടി കൂടി വരുന്നു,ഏകദേശം അഞ്ചര ആയപ്പോൾ ജോയിച്ചേട്ടൻ ഞങ്ങളെ തേടി അവിടേക്കു വന്നു, ആരോ അദ്ദേഹത്തോട്  നാട്ടിൽ നിന്നും (വടുതല)  ഡോൺ ബോസ്കോയിലെ അച്ഛനും പിള്ളേരും ജോയി ചേട്ടനെ കാണാൻ വന്നിട്ടുണ്ട് വെള്ളച്ചാട്ടത്തിൽ കിടപ്പുണ്ടെന്നു ഇൻഫോർമേഷൻ കൊടുത്തിട്ടുണ്ടായിരുന്നു .പുള്ളിക്ക് ഞങ്ങളെ കണ്ടപ്പഴേ കാര്യം പിടികിട്ടി ഗ്രാസ് ഹിൽസ് കയറാനാണ് ഇത്ര വൈകിട്ടും ഞങ്ങൾ അവിടെ തന്നെ നിന്നതെന്നത്.  .എന്റെ ചേട്ടന്റെയും മറ്റും സുഹൃത്തായ അങ്ങേർക്ക് ഒഴിയാനും പറ്റാത്ത സ്ഥിതിയായി കൂട്ടത്തിൽ ഒരു പള്ളിലച്ചനും  ഉള്ളത് കൊണ്ടും പുള്ളി ഗ്രാസ് ഹിൽസ് കൊണ്ട് പോകാമെന്നു സമ്മതിച്ചു.ജോയ് ചേട്ടൻ അവിടുത്തെ ഗാർഡുകളെ പോയി കണ്ടു ഒരു കണക്കിന് എല്ലാം റെഡി ആക്കി.രാത്രി തന്നെ കേറാൻ തീരുമാനിച്ചു. അങ്ങനെ ആറര ആയപ്പോ ഞങ്ങൾ നടപ്പു തുടങ്ങി എല്ലാവരുടെയും പക്കൽ വലിയ ഭാരങ്ങൾ സ്റ്റവ്, ഗ്യാസ് ഫുഡ് ഐറ്റംസ് അങ്ങനെ..... രാത്രി വെളിച്ചത്തിനായി കയ്യിൽ ഉള്ളത് ഒരു ടോർച്ചും രണ്ടു മണ്ണെണ്ണ വിളക്കും   ഒരു 3 മണിക്കൂർ നടന്നു കഴിഞ്ഞപ്പോൾ ജോയിച്ചേട്ടൻ ഒരു ഷോർട് കട്ട് ഉണ്ട് അതിലെ പോയാൽ കുറെ ദൂരം നടപ്പു ലഭിക്കാമെന്നു പറഞ്ഞു.  അങ്ങനെ ആ വഴി ആയി യാത്ര,  നടക്കുന്നതിനിടയിൽ ഇടയ്ക്കിടയ്ക്ക് ജോയിച്ചേട്ടൻ പറയുന്നുണ്ട് സൂക്ഷിച്ചു നടക്കണം കാല് വഴുതരുതെന്നു കുറെ ദൂരം അങ്ങനെ പോയി. ഏകദേശം ഒരു അര മണിക്കൂർ അങ്ങനെ നടന്നു. ഇനി കുഴപ്പമില്ല ഷോർട് കട്ട് കഴിഞ്ഞു റിലാക്സ് ചെയ്തു നടന്നോളാൻ ചേട്ടൻ  ശബ്ദം താഴ്ത്തി പറഞ്ഞു.ഷോർട് കട്ടിലൂടെ സൂക്ഷിച്ചു നടക്കാൻ ജോയിച്ചേട്ടൻ പറഞ്ഞത് എന്ത് കൊണ്ടാണെന്നു മടക്കയാത്രയിൽ അത് വഴി വന്നപ്പോഴാണ് മനസിലായത്,കാരണം നമുക്ക്  ഒരു കാല് കുത്താനുള്ള വീതിയെ  ആ വഴിക്കുണ്ടായിരുന്നുള്ളു കാലൊന്നു തെറ്റിയാൽ വഴുതി താഴേക്ക് പോകും രാത്രി അരമണിക്കൂർ കൊണ്ട് കടന്ന ഷോർട് കട്ട് തിരിച്ചു പോന്നപ്പോൾ നീണ്ട കട്ട് ആയി മാറി ഒരു മണിക്കൂറിൽ ഏറെ എടുത്തു ആ ഷോർട് കട്ട് കടക്കാൻ.നേരിയ വഴിയും അതി ശക്തമായ കാറ്റും ആയിരുന്നു ആ മലഞ്ചെരുവിൽ. നടപ്പു വീണ്ടും തുടർന്ന് തളർന്നു ഒരു വഴിയായ ഞങ്ങൾ ഇടയ്ക്കിടയ്ക്ക് ചേട്ടനോട് ചോദിക്കും എത്താറായോ എന്ന് ചെട്ടന്റെ മറുപടിയാണ് ബഹുരസം മാനത്തു ഒരു നക്ഷത്രത്തെ ചൂണ്ടി പറയും അതിനു താഴെയാണ് നമ്മുടെ സ്ഥലം ഇപ്പൊ എത്തുമെന്ന് ഏകദേശം 5 മണിക്കൂർ കൊണ്ട് ഞങ്ങൾ ഗ്രാസ് ഹിൽസിലെ ബഗ്ലാവിൽ എത്തിച്ചേർന്നു.ഏപ്രിൽ മാസം ആയിരുന്നെങ്കിലും അതി കഠിനമായ തണുപ്പായിരുന്നു. ചെന്ന പാടെ ഷൂ അഴിച്ചു ടോർച് അടിച്ചു നോക്കിയപ്പോൾ കാല് മൊത്തം ചോര മയം അട്ടകൾ കാലിൽ ചോരപ്പൂക്കളം തീർത്തിരിക്കുന്നു.കയ്യിൽ ഉണ്ടായിരുന്ന ബ്രെഡ്ഡും പഴവും കഴിച്ചു ഉറങ്ങാൻ കിടന്നു.രാവിലെ ഉണർന്നപ്പോൾ കണ്ട കാഴ്ച വിവരിക്കാൻ പറ്റില്ല ചുറ്റും മഞ്ഞു, ഞങ്ങൾ താമസിക്കുന്ന ബംഗ്ലാവിനു ചുറ്റും കിടങ്ങാണു അതിനു കുറെ മാറി കുന്നിൻ മുകളിൽ ആനയും കാട്ടു പോത്തുകളും. ഇന്നും മറക്കാൻ പറ്റാത്ത അനുഭവം ആണത്.മണിരത്നം ആ പാട്ടു സീനിൽ കാണിച്ചു തന്ന ആ സ്വർഗത്തിൽ അത് ചിത്രീകരിച്ച സ്ഥലത്തു ഞങ്ങൾ സുഹൃത്തുക്കൾ ഒരു ദിവസം മുഴുവൻ ഓടി നടന്നു. ബ്രിട്ടീഷ് ഭരണ കാലത്തു ഏതോ ഒരു പ്രെഭുവിന്റെ മകളുടെ ഹണിമൂൺ ആഘോഷിക്കാനായാണ് ഗ്രാസ് ഹിൽസിൽ ആ ബംഗ്ളാവ് പണിതതെന്നാണ് അറിയുന്നത്, വിവാഹ ശേഷം അവര് അവിടെ ഹണി മൂൺ ആഘോഷിക്കാൻ വന്നില്ല എന്നുമാണ് ചരിത്രം പറയുന്നത്, എന്നാലും ആ ബംഗ്ലാവ് വളരെ മനോഹരമായി അന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട് ഇപ്പോഴത്തെ കാര്യം എങ്ങനെയാണെന്ന് അറിയില്ല.അതിനു ശേഷം പിന്നത്തെ വർഷവും ഗ്രാസ് ഹിൽസ് കയറുവാൻ പോയെങ്കിലും കയറ്റി വിട്ടില്ല നിയമങ്ങൾ വളരെ കർശനമാക്കി.പൊള്ളാച്ചിയിൽ നിന്നും ഡിഫ്ഒയുടെ അനുമതിയുണ്ടെങ്കിലേ പ്രേവേശനം കിട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. ഗ്രാസ് ഹിൽസ് മൂന്നാറിലെ രാജമലയുമായി കണക്ട് ചെയ്തു കിടക്കുന്ന സ്ഥലമാണ്.  ലോക്ഡൗണും കോവിഡുമെല്ലാം ഒന്ന് ശാന്തമാകുമ്പോൾ ഗ്രാസ് ഹിൽസ് കയറാനുള്ള ആസൂത്രണങ്ങൾ എല്ലാം ചെയ്തു കൊണ്ടിരിക്കുന്നു 27 വർഷങ്ങൾക്കു ശേഷം വീണ്ടും ആ സ്വർഗത്തിലേക്ക് പോകുവാൻ....